കേരളീയരില്‍ കുറച്ചുപേര്‍ക്ക് എങ്കിലും അറിയാത്ത ഒരോണം ഉണ്ട്. അതാണ് ഞങ്ങളുടെ പ്രവാസിയോണം. നാട്ടില്‍ ഇപ്പോള്‍ പേപ്പര്‍ വാഴയിലയില്‍ ആണ് ഓണം ഉണ്ണുന്നത് എന്ന് കേട്ടു ആ കാര്യത്തില്‍ ഞങ്ങളാണ് ഭാഗ്യവാന്മാര്‍ ഇവിടെ ഒരു റിയാല്‍ കൊടുത്താല്‍ നല്ല വാഴയില കിട്ടും. പണ്ട് പാടത്തും പറമ്പിലും ഞങ്ങളൊക്കെ നടന്നു പറിച്ചിരുന്ന തുമ്പപ്പൂവ് കാണാനേ ഇല്ല എന്ന് അമ്മ വിളിച്ചപ്പോ പറഞ്ഞു ഇവിടെ ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയപ്പോ ദേ കിടക്കുന്നു തുമ്പപ്പൂവ്.അഞ്ച് റിയാല്‍ കൊടുത്താല്‍ മതി ഇവിടെ കിട്ടും ആവശ്യത്തിന് തുമ്പപ്പൂവ് എന്തായാലും നാട്ടിലെ സുഖം കിട്ടില്ലെങ്കിലും ഞങ്ങള്‍ക്കും ഒരോണം ഉണ്ട് പരിഭവങ്ങളും പോരായ്മകളും ഇല്ലാത്ത ഓണം.ഓര്‍മ്മകളില്‍ കേരളവും കേരളീയ ഓണവും നിറഞ്ഞു നില്‍ക്കുന്നു എങ്കിലും ഓണപ്പാട്ടും ആര്‍പ്പുവിളികളുമായി ഇവിടെയും ഓണം പൊടി പൊടിക്കുന്നു.വെള്ളിയാഴ്ച ഓണം വന്നത് കൊണ്ട് എല്ലാവര്‍ക്കും കൂടുതല്‍ സന്തോഷം. ആഘോഷിക്കാന്‍ ഒന്നും ഇല്ലാത്ത പ്രവാസിക്ക് എല്ലാം വലിയ ആഘോഷങ്ങള്‍ തന്നെ.
നാട്ടിലെ വിശേഷങ്ങള്‍ അറിയാന്‍ ടി വി ഒന്ന് വച്ചു നോക്കി എവിടെയും പ്രതിഷേധത്തിന്‍റെ വാര്‍ത്തകള്‍ വാര്‍ത്തകള്‍ മിന്നിമറയുന്നു. ഓണം വരെ ബഹിഷ്ക്കരിക്കാന്‍ പറയുമോ ചിലര്‍ എന്ന് തോന്നിപ്പോയി. സര്‍ക്കാര്‍ ധനസഹായം കുറഞ്ഞു പോയത്കൊണ്ട് ഓണം ഘോഷയാത്രയുടെ പൊലിമ കുറഞ്ഞു എന്ന് ഒരു കൂട്ടര്‍ വാദിക്കുന്നു ഓണമായിട്ടും വാദപ്രതിവാദങ്ങള്‍ക്ക് ഒരു കുറവുമില്ല മദ്യവില്പ്പന ഇത്തവണയും റെക്കോര്‍ഡ് പിന്നിട്ടു അപ്പോള്‍ കുടിയോണം എന്തായാലും ഗംഭീരമായി. ഓണത്തിന് പേര് കേട്ട തൃക്കാക്കരയിലെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ട് അവരുടെ ഓണത്തെ കുറിച്ചുള്ള വാക്കുകള്‍ കേട്ടു അസൂയ കൊണ്ട് ''ഞങ്ങളും കുറെ ഓണം ഉണ്ടതാ മോനേ നീയൊന്നു വായടക്ക്'' എന്ന് പറയേണ്ടി വന്നു. ഓണത്തെ കുറിച്ച് കാസര്‍ക്കോട് മുതല്‍ തിരുവന്തപുരം വരെ ഉള്ള കഥകള്‍ എല്ലാം വായടക്കി കേട്ടു അല്ലാതെ എന്ത് ചെയ്യാന്‍? എന്തായാലും ഓണം ആഘോഷിക്കാത്ത മലയാളി ഇല്ല എന്ന് എല്ലാവരും ഒരിക്കല്‍ക്കൂടെ തെളിയിച്ചു.
ഇനി സദ്യവട്ടങ്ങള്‍ ഒരുക്കുന്ന കുറച്ചു തിരക്ക് പിടിച്ച പണികളാണ്. നാട്ടില്‍ കുളിച്ചു വരുമ്പോ വാഴയിലയില്‍ വിളമ്പി വച്ചിരിക്കുന്ന സദ്യ കാണാം!!! അതിന്‍റെ പിറകിലുള്ള പ്രവര്‍ത്തനങ്ങള്‍ കുറച്ചൊക്കെ അറിയാം എങ്കിലും ഇവിടെ ഞങ്ങളുടെ പാചകവിദഗ്ദനും സുഹൃത്തുമായ സുനിലേട്ടന്‍ അതിനെ കുറിച്ച് പ്രസംഗം നടത്തികൊണ്ടേയിരിക്കുന്നു. നമ്മളും എന്തെങ്കിലും ചെയ്യണ്ടേ എന്ന മട്ടില്‍ പച്ചക്കറി അരിയാന്‍ ഉള്ളവരുടെ ഒരു നീണ്ട നിര ഓണത്തിന് പച്ചക്കറി അരിയാന്‍ ഒരു രസമല്ലേ? അതുകൊണ്ട് ഞാനും അവരുടെ കൂടെ കൂടി നാട്ടില്‍ പത്തുതരം കറി ഉള്ളൂ എങ്കില്‍ ഇവിടെ പതിനഞ്ചുതരം ഉണ്ടാക്കും കാരണം വീട്ടിലേക്കു വിളിക്കുമ്പോ നമുക്ക് ഒന്നും കുറവില്ല എന്ന് അറിയിക്കെണ്ടേ? എന്തായാലും പ്രവാസികള്‍ക്ക് അറിയാം പ്രവാസിയോണത്തിന്‍റെ ഒരു മനോഹാരിത.
വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത കേരളനാട്ടില്‍നിന്നും ഓരോരുത്തരുടെയും ഫോണിലേക്ക് വാര്‍ത്തകള്‍ വന്നുകൊണ്ടേയിരുന്നു.ഓണത്തിനും വാര്‍ത്ത ഉണ്ടാക്കാന്‍ നാട്ടുകാര്‍ മിടുക്കന്മാര്‍ തന്നെ എന്‍റെ നാട്ടിലെ പ്രസിദ്ധമായ കോട്ടപ്പുറം വള്ളംകളിയില്‍ ഇത്തവണ ചുണ്ടന്‍ വള്ളങ്ങളുടെ വന്‍കുറവുണ്ടാകും എന്നാണ് പുതിയ വേദാനാജനകമായ വാര്‍ത്ത.ഞാനും അപ്പോള്‍ ചിന്തിച്ചു എന്തോണം? പൊലിമ കുറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ ഓണത്തിനെക്കുറിച്ച് വരും തലമുറ നമ്മെ ചോദ്യം ചെയ്യാതിരിക്കട്ടെ? പൂര്‍വ്വികര്‍ നമുക്ക് തന്ന പൈതൃകത്തെ കാത്തു സൂക്ഷിക്കാന്‍ കഴിയാത്തതില്‍ നമുക്കെല്ലാം ഒരേ പങ്കു തന്നെ.
പായസം ഇറക്കി വച്ചു ഉണ്ണാനുള്ള സമയമായി. ഇനി കഴിക്കാന്‍ പോണം സദ്യയെ കുറിച്ച് ഇനി പറയില്ല കാരണം അത് കേട്ടാല്‍തന്നെ നിങ്ങളും ഒരു പ്രവാസി ആകും കാരണം നാട്ടില്‍ പോലും കിട്ടാത്ത എല്ലാ വിഭവങ്ങളും തയ്യാറാക്കി കഴിഞ്ഞു ഓണം കൊള്ളുക എന്ന ചടങ്ങാണ് ഇനി. ഇവിടെ അതിനു പ്രത്യേകം സമയം ഒന്നും ഇല്ല അത് ആര്‍പ്പുവിളികളോടെ ആണ് എല്ലാവരും കൊണ്ടാടുക എന്നാല്‍ ഞാന്‍ അങ്ങ് പോട്ടെ അവര് വിളിക്കുന്നു ഓണംകളി തുടങ്ങണം നാട്ടില്‍ ഒന്നും ഇപ്പോ ആരും കളിക്കാത്ത ഒരു കളിയാ ഈ ഓണം കളി ഞാന്‍ പോയി ഊണ് കഴിച്ചു. അധികം ശബ്ദത്തില്‍ ഓണം കളിയ്ക്കാന്‍ പറ്റില്ല വല്ല അറബി കണ്ടാല്‍ പോയില്ലേ കഥ. അറബിക്കറിയാമോ ഓണവും മഹാബലിയുമൊക്കെ? പിന്നെ മലയാളിസമാജത്തിന്‍റെ ആള്‍ക്കാര്‍ കണ്ടാല്‍ അവര് സംഭാവന ചോദിക്കും അതോണ്ട് ആ വഴി പോകാന്‍ പറ്റില്ല നാട്ടിലെ പോലെ തന്നെ അവരും മലയാളികള്‍ ആണ് എന്ന് അവരുടെ സംഭാവനക്ക് വേണ്ടിയുള്ള ആ ചിരി കണ്ടാല്‍ മനസ്സിലാവും ഇവരാണ് പ്രവാസികളുടെ കാശു കൊണ്ട് ജീവിക്കുന്ന പ്രവാസികള്‍. അവരുടെ ഓണം എന്തായാലും കുശാലായി.
മലയാളിയും ഓണവും മാറ്റ് കുറയാതെ എവിടെയെങ്കിലും കാണും എന്നുള്ളതിന്‍റെ ഉത്തമ ഉദാഹരണം അല്ലെ ഞങ്ങള്‍ പ്രവാസികള്‍.ഇവിടെ ഓണം ഉണ്ടാല്‍ ആലസ്യം ഒന്നും പറ്റില്ല നാളെ ജോലിക്ക് പോയില്ലെങ്കില്‍ ശമ്പളം പോക്കാ!! ഇങ്ങനെ ഒക്കെ ആണ് ഇവിടുത്തെ ഓണം ഇനി അടുത്ത ആഘോഷം എന്നാണാവോ?ഇനി അടുത്ത മാസം വലിയ പെരുന്നാള്‍ വരുന്നുണ്ട് അപ്പൊ ഇനി അടുത്ത ആഘോഷം അന്നായിരിക്കും എന്തെങ്കിലും കിട്ടിയിട്ട് വേണം ആഘോഷിക്കാന്‍ അപ്പൊ ഇനി അടുത്ത ആഘോഷത്തിനായി കാത്തിരിക്കാം......

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ